വേണം പങ്കാളിത്തമുള്ള ഒരു ജനാധിപത്യ ഇന്ത്യ
കീഴാള സമൂഹങ്ങളിലെ രാഷ്ട്രീയമായ ഉണര്‍വുകളെ സ്വാംശീകരിക്കുന്നതില്‍ ഇന്ന് നമ്മള്‍ കാണുന്ന പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ പരിപൂര്‍ണമായി പരാജയപ്പെട്ടതുകൊണ്ട് ആ അഭാവത്തെ മുതലാക്കുക മാത്രമാണ് ബിജെപി. ബിജെപി ക്ക് പിന്നോക്കക്കാരുടെയും ദളിതരുടെയും ആദിവാസികളുടെയും വോട്ടില്ലാതെ അധികാരത്തിലേക്ക് എത്താന്‍ കഴിയില്ല. അതിനുള്ള അവസരമുണ്ടാക്കി കൊടുക്കുന്നത് പ്രതിപക്ഷ കക്ഷികളാണ്. അവര്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നില്ല.
ഇപ്പോഴത്തെ ദേശീയ അന്തരീക്ഷത്തില്‍ ബിജെപി ക്കെതിരെ അതിശക്തമായൊരു പ്രതിപക്ഷ ഐക്യം പല സംസ്ഥാനങ്ങളിലും രൂപപ്പെട്ടിട്ടുണ്ട്. അത് ബിജെപി യുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ചിട്ടുണ്ട്. എന്നാല്‍ സാധാരണ നിലയ്ക്കൊരു ജനാധിപത്യ രാജ്യത്ത് നടക്കാത്തവിധം പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും അവരെ തിരഞ്ഞെടുപ്പില്‍ നിര്‍വീര്യമാക്കുകയും ചെയ്യുന്ന തികച്ചും ജനാധിപത്യ വിരുദ്ധമായ ഇടപാടുകളാണ് മോദിയും കൂട്ടരും നടത്തിക്കൊണ്ടിരിക്കുന്നത്. അതിലൂടെ പ്രതിപക്ഷ കക്ഷികളെ ദുര്‍ബലപ്പെടുത്തുകയും പ്രതിപക്ഷ കക്ഷികളില്‍ നിലപാടുകളില്ലാത്തവര്‍, അവസരവാദികളെയും മറ്റും പണം കൊടുത്ത് വശത്താക്കുകയും ചെയ്യുന്ന വ്യാപകമായൊരിടപാട് ബിജെപി നടത്തുന്നുണ്ട്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ചിലപ്പോള്‍ ബിജെപി ക്ക് ഭൂരിപക്ഷം കിട്ടിയേക്കാം. എങ്കിലും അവര്‍ അവകാശപ്പെടുന്നതുപോലെ നാനൂറ് സീറ്റൊന്നും കിട്ടാനുള്ള ഒരു സാധ്യതയും ഇപ്പോള്‍ ഇന്ത്യയിലുണ്ടെന്ന് വിചാരിക്കാന്‍ നിവര്‍ത്തിയില്ല.
REPRESENTATIVE IMAGE | WIKI COMMONS
മഹാരാഷ്ട്രയിലും യുപിയിലും ബിഹാറിലും ഡല്‍ഹിയിലും പഞ്ചാബിലും മറ്റ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും വളരെ ശക്തമായ ബിജെപി വിരുദ്ധമായ പ്രതിപക്ഷ ഐക്യവും ക്യാമ്പയിനും കാര്യമായി നടക്കുന്നുണ്ട്. അടുത്തകാലത്ത് ബിജെപി നടത്തിയ ഇത്തരം കുല്‍സിതശ്രമങ്ങള്‍ കൂടുതല്‍ കൂടുതല്‍ ബഹുജനങ്ങളിലേക്കെത്തി ചേരുന്ന സ്ഥിതിവിശേഷവുമുണ്ട് എന്നതുകൊണ്ട് ബിജെപി പ്രതീക്ഷിക്കുന്ന ഒരു ഭൂരിപക്ഷം ഒരിക്കലും കിട്ടാന്‍ പോകുന്നില്ല. അടുത്തിടെ പ്രധാനമന്ത്രി തന്നെ കേരളത്തില്‍ വന്ന് പറഞ്ഞത് കേരളത്തില്‍ രണ്ടക്കം തികയ്ക്കുമെന്നാണ്. അതായത് ബിജെപി ക്ക് കേരളത്തില്‍ പത്തില്‍ കൂടുതല്‍ എം പി മാരുണ്ടാകും എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. കേരളത്തില്‍ ജീവിച്ചിരിക്കുന്ന കൊച്ചുകുട്ടിക്കുപോലും അറിയാവുന്നൊരു കാര്യമാണ് ഒരു സീറ്റ് പോലും ലഭിക്കില്ല എന്നത്. സീരിയസായി രാഷ്ട്രീയം പരിശോധിക്കുന്ന ആര്‍ക്കും ഇത് മനസ്സിലാവും. അഥവാ ജയിച്ചാല്‍ ഒരാളെങ്ങാനും ജയിച്ചെങ്കിലായി എന്നുള്ളതല്ലാതെ അതിനപ്പുറം ഒരിക്കലും കടന്നുപോകില്ല. ആ സ്ഥിതിക്ക് പത്ത് സീറ്റ് കിട്ടുമെന്നുള്ള അവകാശവാദം വഡ്ഢിത്തപൂര്‍ണമായ അവകാശവാദമാണ്. ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാക്കാതെയുള്ള പ്രഖ്യാപനമാണത്. ഇത് തന്നെയാണ് എല്ലാ സ്ഥലത്തും അദ്ദേഹം പറഞ്ഞ് പരത്തുന്നത്. വളരെ കൃത്യമായ ജനാധിപത്യ വിരുദ്ധമായ ഒരു രാഷ്ട്രനിര്‍മിതിക്ക് വേണ്ടിയാണ് ബിജെപി പരിശ്രമിക്കുന്നത്. അത് ഹിന്ദുക്കളുടെ പേരിലാണെങ്കിലും യഥാര്‍ത്ഥത്തില്‍ ബ്രാഹ്‌മണിക്കല്‍ പാര്‍ട്രിയാര്‍ക്കിയില്‍ അധിഷ്ഠിതമായ, ബ്രാഹ്‌മണ മേധാവിത്വത്തില്‍ അധിഷ്ഠിതമായ, ബ്രാഹ്‌മണ മേധാവികളുടെയും ബ്രാഹ്‌മണ സേവകരുടെയും അധികാരത്തെ ഉറപ്പിക്കുവാനുള്ള അജന്‍ഡയാണ് ബിജെപിക്കുള്ളത് എന്നത് വളരെ വ്യക്തമാണ്. അതുകൊണ്ടുതന്നെ വളരെയേറെ കഷ്ടപ്പെട്ട് മാത്രമേ ബിജെപി ക്ക് അധികാരത്തിലേക്ക് തല്‍ക്കാലം എത്തിച്ചേരാന്‍ കഴിയൂ. ഈ പ്രതിപക്ഷ ഐക്യം തിരഞ്ഞെടുപ്പിന് ശേഷവും ശക്തമായി നിലനിന്നാല്‍ ബിജെപി യുടെ മിക്കവാറും എല്ലാ അജന്‍ഡകളെയും രാഷ്ട്രീയമായി നേരിടാനുള്ള കരുത്ത് ജനാധിപത്യ ഇന്ത്യ മുന്നണിക്ക് ഉണ്ടാവുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.
എന്നാല്‍ ഇന്ത്യയിലെ സവര്‍ണ വോട്ടുകള്‍ മുഴുവനും ബിജെപി ക്കാണ് എന്നുള്ളത് തെറ്റായ സങ്കല്‍പ്പമാണ്. അതുപോലെതന്നെ തെറ്റായൊരു സങ്കല്‍പ്പമാണ് പിന്നോക്കക്കാരും ദളിതരും എല്ലാം ബിജെപി ക്കാണ് വോട്ട് ചെയ്യുന്നത് എന്നുള്ളത്. ബിജെപി ക്ക് സവര്‍ണ വോട്ടുകളില്‍ വലിയപങ്ക് നേടാന്‍ കഴിയുന്നുണ്ട്. കാരണം സവര്‍ണാധിപത്യത്തെ തുറന്ന് അംഗീകരിക്കുന്ന ഒരു രാഷ്ട്രീയ നേതൃത്വം എന്ന നിലയില്‍ ചാഞ്ചാടിനിന്ന മുഴുവന്‍ സവര്‍ണരുടെയും വോട്ട് അവര്‍ക്ക് സമാഹരിക്കാന്‍ കഴിയുന്നുണ്ട്. എന്നിരുന്നാലും തെന്നിന്ത്യയിലെ സവര്‍ണ വോട്ടുകള്‍ ഒന്നും ബിജെപിക്കുള്ളതല്ല. അത് വെറും തെറ്റിദ്ധാരണയാണ്. പിന്നീടുള്ളത് ദളിത് പിന്നോക്ക വിഭാഗങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യുന്നില്ലേ എന്നാണ്. തീര്‍ച്ചയായിട്ടും വോട്ട് ചെയ്യുന്നുണ്ട്. ഒരു രാഷ്ട്രത്തിലെ രാഷ്ട്രീയമായ അടിയൊഴുക്കുകള്‍ തീര്‍ച്ചയായും ഈ വിഭാഗങ്ങളെയും ബാധിച്ചിട്ടുണ്ട്. എന്നാല്‍ അതൊരു വ്യാപകമായ പ്രതിഭാസമായി നമുക്ക് കാണാന്‍ കഴിയില്ല. അതിന്റെ ഉത്തരവാദിത്തം ഭാഗികമായി പ്രതിപക്ഷ കക്ഷികള്‍ക്കുമുണ്ട്. ഇന്ത്യയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഒളിഗാര്‍ക്കിയെ, പ്രതിപക്ഷത്തിന്റെ പേരിലായാലും ഭരണപക്ഷത്തിന്റെ പേരിലായാലും കൈയ്യടക്കിവച്ചിരിക്കുന്ന രാഷ്ട്രീയ അധികാരത്തെ ദളിതര്‍ക്കും പിന്നോക്കക്കാര്‍ അടക്കമുള്ള വിഭാഗങ്ങളിലേക്ക് കൈമാറാന്‍ ഇന്ന് പ്രതിപക്ഷ കക്ഷികളായി ഇരിക്കുന്നവര്‍ ദീര്‍ഘകാലമായി തയ്യാറായിരുന്നില്ല എന്നതാണ് ഈ ദുരന്തത്തിന്റെ കാരണം. ഈ സമയത്ത് സംഘപരിവാര്‍ ശക്തികള്‍ ഇന്ത്യയില്‍ ജാതീയ വിരുദ്ധമായ നിലപാടെടുത്തു. ജാതിക്കതീതമായി എല്ലാവരും ഐക്യപ്പെടണം എന്ന് ഹിന്ദു സമൂഹത്തിനകത്ത് പറഞ്ഞുറപ്പിച്ചത് ആര്‍എസ്എസ്സാണ് എന്നത് നമ്മള്‍ മനസ്സിലാക്കണം.
REPRESENTATIVE IMAGE | WIKI COMMONS
എന്നാല്‍ ഇടതുപക്ഷമടക്കം ജാതിയില്ല എന്ന് പറഞ്ഞ് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന പണിയാണ് ആ സമയം ചെയ്തത്. ഇന്ത്യന്‍ സമൂഹത്തിനകത്ത് വളരെ സുശക്തമായ ജാതി സംവിധാനത്തെ അഭിസംബോധന ചെയ്യുവാനും എല്ലാ വിഭാഗങ്ങള്‍ക്കും പങ്കാളിത്തം, അത് ഭരണത്തില്‍ മാത്രമല്ല വിഭവങ്ങളിലും പങ്കാളിത്തം ഉറപ്പുവരുത്തുവാനും എന്ത് പദ്ധതിയാണ് ഇവര്‍ക്കുള്ളത്. ഈയൊരു ഗ്യാപ്പാണ് പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും നാമമാത്രമായ പങ്കാളിത്തം ഉറപ്പ് ചെയ്തുകൊണ്ട് ബിജെപി ഗോളടിക്കുന്നതിന് പിന്നിലുള്ള കാര്യം. ചില സംസ്ഥാനങ്ങളില്‍ പിന്നോക്കക്കാരിലെ ഒരു വലിയ വിഭാഗം ബിജെപി യുടെ ഭാഗമായി. എന്നാല്‍ ദളിതര്‍ വ്യാപകമായി ബിജെപി യിലേക്ക് പോയി എന്ന് പറയാന്‍ പറ്റില്ല. ഉദാഹരണത്തിന് കേരളം എടുത്താല്‍ കേരളത്തിലെ ദളിതരില്‍ വളരെ നാമമാത്രമായ വിഭാഗങ്ങള്‍ മാത്രമാണ് ബിജെപി യിലേക്ക് അടുത്തിട്ടുള്ളത്. അതും പ്രാദേശികമായ രാഷ്ട്രീയ തര്‍ക്കങ്ങളുടെ ഭാഗമായി കുറച്ച് ചെറുപ്പക്കാര്‍ ബിജെപി യിലേക്ക് പോകുന്നു എന്നത് ഒരു സമുദായത്തിന്റെ ട്രന്‍ഡ് അല്ല. ഒരു സമൂഹത്തില്‍ നടക്കുന്ന രാഷ്ട്രീയ പരിവര്‍ത്തനങ്ങളില്‍ ചിലപ്പോള്‍ ദളിതരുംപെടും. അങ്ങനെയാണ് അതിനെ കാണേണ്ടത്. അല്ലാണ്ട് ഇവര്‍ക്കെന്തോ അധിക ബാധ്യതയുണ്ട്, ഇവര്‍ ഒരിക്കലും പോകരുത് മറ്റുള്ളവര്‍ പൊയ്ക്കോട്ടേ അങ്ങനെയല്ല ആ വിഷയത്തെ കാണേണ്ടത്. രാഷ്ട്രീയമായൊരു അടിയൊഴുക്ക് ഉണ്ടാകുമ്പോള്‍ എല്ലാ വിഭാഗത്തില്‍ നിന്നും ആളുകള്‍ പോകും. അങ്ങനെ നാമമാത്രമായൊരു ചെറിയ വിഭാഗം ആളുകള്‍ ദളിതര്‍ക്കിടയില്‍ നിന്നും ബിജെപി യില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ചില സംസ്ഥാനങ്ങളില്‍ ഇത് കൂടുതലാണ്. ഇതിന്റെ കാരണം അവര്‍ പ്രാദേശികമായ അധികാര പങ്കാളിത്തം അവര്‍ക്ക് ഉറപ്പ് ചെയ്യുന്നു എന്നതാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലുള്ള ഏത് സ്ഥലത്താണ് ഈ പങ്കാളിത്തമുള്ളത്. കോണ്‍ഗ്രസ് ഭരിക്കുന്ന ഏത് സംസ്ഥാനത്തിലാണ് പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്ക് അധികാര പങ്കാളിത്തം ഉറപ്പ് ചെയ്യുന്നത്. ബിജെപി താരതമ്യേന ആ തന്ത്രം വിജയകരമായി പ്രാക്റ്റീസ് ചെയ്യുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപി വിജയിച്ചപ്പോള്‍ രണ്ട് പിന്നോക്കക്കാരും ഒരു ആദിവാസിയും ഒരു സവര്‍ണനുമാണ് അവിടെ മുഖ്യമന്ത്രിയായത്. ജനങ്ങള്‍ ജീവിക്കുന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി അതിനോട് ക്രിയാത്മകമായി ഇടപെടുന്ന ബിജെപി ക്കും സംഘപരിവാറിനും വേറെ ഗൂഢമായ അജന്‍ഡയുണ്ടാവാം. അവര്‍ അത് ഫലപ്രദമായി ഉപയോഗിക്കുന്നു. ദ്രൗപതി മുര്‍മൂവിനെ പ്രസിഡന്റ് ആക്കുമ്പോള്‍ കൃത്യമായ ഉദേശ്യമുണ്ടായിരുന്നു ബിജെപി ക്ക്. പക്ഷേ, അങ്ങനെ ഒരു ഉദേശ്യത്തില്‍ പോലും പേരിനെങ്കിലും ഒരാളെ ആക്കാന്‍ ബാക്കിയുള്ള പാര്‍ട്ടികള്‍ക്ക് എന്തുകൊണ്ടാണ് കഴിയാത്തത്. കേരളത്തിലെ മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ സമയം അംഗമായി ഇരുന്ന് അനുഭവമുള്ളത് കെ രാധാകൃഷ്ണനാണ്. കെ രാധാകൃഷ്ണന് എന്തുകൊണ്ടാണ് പ്രധാന വകുപ്പുകള്‍ കൊടുക്കാത്തത്. കൃത്യമായൊരു ഒളിഗാര്‍ക്കിയിലാണ് നമ്മുടെ രാഷ്ട്രീയം ചെന്നുപെട്ടിരിക്കുന്നത്. ഈ ഒളിഗാര്‍ക്കിയെ മറികടക്കാനായി പ്രതിപക്ഷ കക്ഷികള്‍ തുറന്നൊരു രാഷ്ട്രീയ പ്രഖ്യാപനം നടത്തണം. ഭരണപക്ഷം ഹിന്ദുത്വ രാഷ്ട്രത്തിന് വേണ്ടിയാണ് വാദിക്കുന്നത് എങ്കില്‍ പ്രതിപക്ഷം വാദിക്കേണ്ടത് ഭരണഘടനാ വാഴ്ചയുള്ള എല്ലാവര്‍ക്കും പങ്കാളിത്തമുള്ള ഒരു ജനാധിപത്യ ഇന്ത്യയ്ക്ക് വേണ്ടിയാണ്. അങ്ങനെയൊരു തുറന്നുപറച്ചില്‍ മാത്രമല്ല അധികാരം കിട്ടിയാല്‍ പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കും ഒക്കെ പ്രാധാന്യം കൊടുക്കുന്ന ഒരു രാഷ്ട്രീയ വീക്ഷണം പ്രതിപക്ഷം പുലര്‍ത്തണം. ദളിതര്‍ക്കും പിന്നോക്കക്കാര്‍ക്കും പങ്കാളിത്തമുള്ള ഗവണ്‍മെന്റിനെ ഉണ്ടാക്കും എന്ന് പറഞ്ഞാല്‍ ഇന്ത്യ ഇളകിമറിയും. ബിജെപി അത് പറയില്ല കാരണം, ബിജെപി ഭരിക്കുമ്പോള്‍ ബ്രാഹ്‌മണര്‍ തന്നെ ഭരിക്കണം എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. രാഷ്ട്രീയമായി അഴിച്ചുപണിയുവാന്‍ പ്രതിപക്ഷം തയ്യാറാകണമെന്നുള്ളതാണ് കനത്ത വെല്ലുവിളി. അവര്‍ അതിന് തയ്യാറാകില്ല എന്ന് അറിഞ്ഞുകൊണ്ട് ഇതിനെ പരമാവധി ഉപയോഗപ്പെടുത്തി ബ്രാഹ്‌മണ അധികാരത്തെ തിരിച്ച് കൊണ്ടുവരാന്‍ കഴിയുമോ എന്നാണ് ബിജെപി ആലോചിക്കുന്നത്.
ദ്രൗപതി മുര്‍മൂ | PHOTO: FACEBOOK
കേരളത്തിലെ പിണറായി വിജയന്‍ ഗവണ്‍മെന്റിന് 10 ശതമാനത്തില്‍ താഴെയുള്ള നായന്മാരുടെ കാര്യത്തിലാണ് കൂടുതല്‍ താല്‍പര്യം. എന്നാല്‍ 60 ശതമാനമുള്ള ദളിതരുടെയും പിന്നോക്കക്കാരുടെയും കാര്യത്തില്‍ താല്‍പര്യമില്ല. അതുകൊണ്ടുതന്നെ ജനം മുഴുവനും ബിജെപി യിലേക്ക് ഒഴുകി പോയാലും തെറ്റുപറയാനാകില്ല. സമചിത്തതയോടെ കാര്യങ്ങള്‍ ആലോചിക്കാനും ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാക്കി പൊളിറ്റിക്കല്‍ പൊസിഷന്‍ എടുക്കുവാനും ജനങ്ങളോട് സത്യസന്ധരായി ഇരിക്കുവാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്തമുണ്ട്. അത് ചെയ്തില്ലെങ്കില്‍ കൊടും ഭീകരന്മാരായ രാഷ്ട്രീയക്കാരായിരിക്കും ഗോളടിക്കാന്‍ പോകുന്നത്.